ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോഹോണ്ടയിലുണ്ടായ നിക്ഷേപതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ടുവഴിക്ക് പിരിയാന്‍ കമ്പനി തീരുമാനിച്ചു. ഇന്ത്യന്‍ കമ്പനിയായ ഹീറോ ഗ്രൂപ്പില്‍ നിന്ന് 26 ശതമാനം ഓഹരി പിന്‍വലിച്ച് തങ്ങള്‍ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2014 വരെ ബന്ധം തുടരുമെന്ന് ഹീറോഹോണ്ട വ്യക്തമാക്കി.

ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 % നിക്ഷേപം ഏറ്റെടുക്കാമെന്ന ഹീറോയുടെ പുതിയ വാഗ്ദാനമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.

നിലവില്‍ മാര്‍ക്കറ്റ് വിലയുടെ 40 ശതമാനം ഇളവോടെ ഹോണ്ടയുടെ നിക്ഷേപം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഹീറോ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പോളവിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ കച്ചവടത്തിനുള്ളൂ എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് പരസ്പരം അറിഞ്ഞുകൊണ്ട് വഴിപിരിയാന്‍ ഇരു നിക്ഷേപകരും തീരുമാനിക്കുകയായിരുന്നു.

1984മുതലാണ് ഹീറോയുംഹോണ്ടയും ഒന്നിച്ച് ബൈക്ക് വില്‍പ്പന ആരംഭിച്ചത്. 2004ല്‍ കരാര്‍ പത്ത് വര്‍ഷത്തേക്ക് പുതുക്കിയിരുന്നു. ഈവര്‍ഷം ഒക്ടോബറില്‍ കമ്പനിയുടെ ബൈക്ക് വില്‍പ്പനയില്‍ 42 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.