ധാക്ക: ബംഗ്ലാദേശില്‍ ചാട്ടവാറടിയേറ്റ് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഫത്‌വ പുറപ്പെടുവിച്ച മുസ്‌ലിം പുരോഹിതന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. 40കാരന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെയാണ് 100 തവണ അടിക്കാന്‍ പുരോഹിതന്‍മാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു.

ശരിയത്ത്പൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. മുസ്‌ലിം ഭൂരിപക്ഷമാണെങ്കിലും മതേതര ഭരണ ഘടനയാണ് ബംഗ്ലാദേശില്‍. രാജ്യത്ത് ഫത്‌വ പുറപ്പെടുവിക്കുന്നത് കുറ്റകരമാണ്.

പോലീസിന് എളുപ്പത്തിലൊന്നും എത്തിച്ചേരാന്‍ കഴിയാത്ത കുഗ്രാമത്തിലാണ് സംഭവമുണ്ടായത്. മുളകൊണ്ടാണ് കുട്ടിയെ അടിച്ചത്. 70 അടി ആയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 40കാരനും ശിക്ഷ നടപ്പാക്കിയെങ്കിലും അയാള്‍ മരിക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.