ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. റോഹിംഗ്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡര്‍ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആംനസ്റ്റി ആവശ്യപ്പെടുന്നത്.

സൈന്യത്തിന്റെ അതിക്രവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കുക, മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകര്‍ക്കും യു.എന്നിനും പ്രവേശനം അനുവദിക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നിവയാണ് ആംനസ്റ്റി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.

രണ്ടാഴ്ചയ്ക്കുള്ളില്‍ മ്യാന്‍മറില്‍ നിന്നും രണ്ടരലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മ്യാന്‍മര്‍ സുരക്ഷാ സേനകള്‍ റോഹിംഗ്യകളെ കൂട്ടക്കുരുതി നടത്തുകയാണെന്നും ഒരു ഗ്രാമം മുഴുവന്‍ അഗ്നിക്കിരയാക്കിയെന്നുമാണ് സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമായതെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.


Also Read: ‘ഈശ്വരന്‍ പണികൊടുത്തതാണ്; രണ്ടും ചാവട്ടെ’ വാഹനാപകടത്തില്‍ മരിച്ച വ്യത്യസ്ത മതസ്ഥരായ സുഹൃത്തുക്കള്‍ക്കെതിരെ ആക്രമണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍


മത്സ്യബന്ധന ബോട്ടുകളിലും മറ്റുമായി മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാനായി ജീവന്‍പോലും പണയംവെയ്‌ക്കേണ്ടിവരികയാണ് റോഹിംഗ്യകള്‍ക്ക്. കുട്ടികളടക്കം ഒട്ടേറെപേര്‍ക്ക് അപകടത്തില്‍പ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.

റാഖിനി സംസ്ഥാനത്തിന്റെ കൊടുമുടികളില്‍ ആയിരക്കണക്കിന് റോഹിംഗ്യകള്‍ കുടുങ്ങിക്കിടക്കുകയാണ്. അവര്‍ക്ക് ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ വരെ നിഷേധിക്കപ്പെടുകയാണ്. മനുഷ്യാവകാശ സംഘടനകളെയോ എന്‍.ജി.ഒകളെയോ ഇവിടെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.

ആംനസ്റ്റിയുടെ വെബ്‌സൈറ്റായ amnesty.org വഴിയാണ് ഒപ്പുശേഖരണം നടത്തുന്നത്.