എഡിറ്റര്‍
എഡിറ്റര്‍
‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത
എഡിറ്റര്‍
Tuesday 16th May 2017 3:39pm

മുംബൈ: പക്ഷാഘാതം കാരണം ഭാര്യ കിടപ്പിലായതിനാല്‍ രണ്ടു വയസുകാരന്‍ മകനെ മടിയിലിരുത്തി ജോലി ചെയ്യേണ്ടി വന്ന മുംബൈയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സയ്യിദിന് സഹായവുമായി നിരവധി പേര്‍. മുഹമ്മദ് സയ്യിദിന്റെ കഥ മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 30,000രൂപയാണ്.

സംവിധായകന്‍ വിനോദ് കാപ്രി സയ്യിദിന്റെയും മകന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തതോടെയാണ് സയ്യിദിന്റെ കഥ വൈറലായത്. സയ്യിദിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും അദ്ദേഹം ട്വീറ്റു ചെയ്തിരുന്നു. ഇതോടെയാണ് സഹായവുമായി നിരവധി പേര്‍ രംഗത്തുവന്നത്.


Must Read: ‘ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്’: ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ


ചിലര്‍ സയ്യിദിന്റെ മകന്‍ മുസമ്മിലിനും മുസ്‌കാനും ബേബിസിറ്റ് ഓഫര്‍ ചെയ്തു. സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച സയ്യിദിന്റെ ഭാര്യ യാസ്മിന്‍ തനിക്ക് എഴുന്നേറ്റ് നില്‍ക്കാനായാല്‍ എല്ലാവര്‍ക്കും സ്വന്തം കൈകൊണ്ട് ആഹാരം പാകം ചെയ്തു നല്‍കാമെന്നും വാഗ്ദാനം നല്‍കിയതായി മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്ത വൈറലായതോടെ തനിക്ക് ഒട്ടേറെ ഫോണ്‍ കോളുകളാണ് വരുന്നതെന്നാണ് സയ്യിദ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞത്.

‘എനിക്കു കുറച്ചു പൈസ ലഭിച്ചു. എത്രയാണെന്ന് അറിയില്ല. ഞാന്‍ ബാങ്കില്‍ പോയി നോക്കും. സഹായം നല്‍കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്. എന്റെ ഭാര്യയെ സൗജന്യമായി ചികിത്സിക്കാന്‍ തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

മകനെ മടിയിലിരുത്തി വണ്ടിയോടിച്ചതിന് തനിക്ക് 450രൂപ ഫൈന്‍ നല്‍കേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ സയ്യിദ് ഇതല്ലാതെ തന്റെ മുമ്പില്‍ മറ്റുമാര്‍ഗമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയും ചെയ്തു.


Also Read: എന്റെ മുഖം സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു: അനുഭവം പങ്കുവെച്ച് രമ്യാകൃഷ്ണന്‍


‘മകന്റെ കാര്യത്തില്‍ വിഷമമുണ്ട്. അവന് രണ്ടു വയസ് ആയിട്ടേയുള്ളൂ. ഇത്ര ചെറിയ കുട്ടിയെ സംബന്ധിച്ച് ദിവസം 10, 12 മണിക്കൂര്‍ ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്.’ അദ്ദേഹം പറയുന്നു.

യാസിനെ ചികിത്സയ്ക്കായി ആശുപത്രിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സയ്യിദ് പറഞ്ഞു.

‘എനിക്കറിയാം അവളുടെ രോഗം മാറും. മുംബൈയിലെ ആളുകള്‍ എനിക്കു തന്ന പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി അറിയിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

Advertisement