കൊച്ചി: ഹെല്‍മെറ്റ് വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കേണ്ടെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം. ഹെല്‍മറ്റ് ധരിക്കണമെന്ന് കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ അത് ധരിക്കേണ്ടെന്ന് ഉത്തരവിറക്കാന്‍ ഏതെങ്കലും വകുപ്പ് മേധാവിക്കോ ഡി.ജി.പിക്കോ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

ഇരുചക്രവാഹനക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഇതിന് പോലീസിന് നിര്‍ദേശം നല്‍കണം. ഹെല്‍മറ്റ് സ്ഥിരമായി ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കണം. ഫൈന്‍ ഈടാക്കുകയും ആവശ്യമെങ്കില്‍ ജയില്‍ ശിക്ഷയും നല്‍കണം.

കര്‍ശന പരിശോധന വേണ്ടെന്ന നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നും ഇത് വോട്ടിനുവേണ്ടിയാണെന്നും കോടതി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനുവദിക്കാത്ത രീതിയില്‍ നിയമഭേദഗതി നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ കളമശ്ശേരി സ്വദേശി ജോര്‍ജ്ജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.