എഡിറ്റര്‍
എഡിറ്റര്‍
കോപ്ടര്‍ കോഴ: ജെ.പി.സി. അന്വേഷിക്കും
എഡിറ്റര്‍
Thursday 28th February 2013 12:50am

ന്യൂദല്‍ഹി: 3600 കോടിയുടെ വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട കോഴയാരോപണത്തെക്കുറിച്ചു സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം രാജ്യസഭ അംഗീകരിച്ചു.

Ads By Google

എന്നാല്‍, ജെ.പി.സി. അന്വേഷണത്തെ ബി.ജെ.പി., ജനതാദള്‍ യു., തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ., അസം ഗണപരിഷത്ത് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു.

അതേസമയം, എന്‍.ഡി.എ. ഘടകകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തെ സി.പി.എം., എ.ഐ.എ.ഡി.എം.കെ. കക്ഷികളും ജെ.പി.സി.യെ പിന്തുണച്ചു. എതിര്‍ത്തകക്ഷികള്‍ ജെ.പി.സി.കൊണ്ട് ഗുണമില്ലെന്ന് ചൂണ്ടിക്കാട്ടി സഭവിട്ടിറങ്ങി.

ജെ.പി.സി. അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുക്കമാണെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണിയാണു രാജ്യസഭയില്‍ പ്രഖ്യാപിച്ചത്. തുടര്‍ന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് പ്രമേയം അവതരിപ്പിച്ചു.

രാജ്യസഭയില്‍നിന്ന് 10 പേരും ലോക്‌സഭയില്‍ നിന്ന് 20 പേരും ഉള്‍പ്പെട്ടതായിരിക്കും സമിതി. പ്രതിപക്ഷ പാര്‍ട്ടികള്‍ അന്വേഷണം ബഹിഷ്‌കരിച്ചതിനാല്‍ എസ്.പി, ബി.എസ്.പി പാര്‍ട്ടികളും യു.പി.എ. പ്രതിനിധികളുമായിരിക്കും ജെ.പി.സിയില്‍ ഉണ്ടാവുക. ജെ.പി.സിയെ അനുകൂലിക്കുന്നില്ലെങ്കിലും ഇക്കാര്യത്തില്‍ സമവായമുണ്ടെങ്കില്‍ സഹകരിക്കുമെന്ന് സി.പി.ഐ.എം. വ്യക്തമാക്കി.

ലോക്‌സഭയുംകൂടി പ്രമേയം അംഗീകരിച്ചാല്‍ ജെ.പി.സി. നിലവില്‍ വരും. മുപ്പതംഗ ജെ.പി.സി. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഹെലിക്കോപ്റ്റര്‍ വാങ്ങുന്നതിന് അഗസ്ത വെസ്റ്റ്‌ലന്‍ഡ് കമ്പനിയുമായി ഉണ്ടാക്കിയ 3600 കോടിയുടെ കരാറില്‍ കോഴ കൈമാറപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രാലയം ഇതേക്കുറിച്ച് സി.ബി.ഐ. അന്വേഷണത്തിന് ആവശ്യപ്പെടുകയും സി.ബി.ഐ. പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ജെ.പി.സി. രൂപവത്കരണം. പ്രാവര്‍ത്തികമായാല്‍ ആറാമത്തെ ജെ.പി.സി. ആയിരിക്കുമിത്.

ഇറ്റാലിയന്‍ വിമാന നിര്‍മാണക്കമ്പനിയായ ഫിന്‍മെക്കനിക്കയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ഓഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്ന് 3,600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 362 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ഇറ്റാലിയന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണു വിവാദത്തിന് ആധാരം.

ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ചുുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വികാരവിക്ഷുബ്ദമായ പ്രസംഗത്തിനും രാജ്യസഭ സാക്ഷിയായി. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ മിക്ക ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് ഉത്തരമില്ലായിരുന്നു. കോപ്ടര്‍ ഇടപാടിലെ അഴിമതിയില്‍ തനിക്കു ലജ്ജ തോന്നുന്നുണ്ടെന്നും കുറ്റക്കാര്‍ ആരായാലും പരമാവധി ശിക്ഷ ലഭിക്കുമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി ആന്റണി പറഞ്ഞു.

എന്നാല്‍, ജെ.പി.സി. അന്വേഷണംകൊണ്ട് ഒരു കാര്യവും ഉണ്ടാവില്ലെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

Advertisement