Categories

പ്രചാരണത്തിനായി ഹെലികോപ്റ്റര്‍; കോണ്‍ഗ്രസ് വെട്ടില്‍

helicopter in kpcc campaign തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വിവാദമാവുന്നു. കോണ്‍ഗ്രസ് അഴിമതിപ്പണമുപയോഗിച്ചാണ് ആഢംബരത്തോടെ പ്രചാരണം നടത്തുന്നതെന്നാണ് സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം.

ചെന്നിത്തലയുടെ ഹെലികോപ്റ്റര്‍ പ്രയോഗത്തിനെതിരെ വി.സ്, പിണറായി ഉള്‍പ്പെടെ എല്‍.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിപ്പണം ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹെലികോപ്റ്ററില്‍ പറക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഴിമതിപ്പണം ഉപയോഗിച്ച് രണ്ട് ഹെലികോപ്റ്ററുകളാണ് സംസ്ഥാനത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തന പരിപാടിയുടെ ഭാഗമാണു ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള കെ.പി.സി.സിയുടെ വോട്ടുപിടുത്തമെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഹെലികോപ്റ്റര്‍ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുക്കണം. എംപിമാരുടെ വോട്ടിനു കോഴ നല്‍കിയതുപോലെ, കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാനും യുഡിഎഫ് വന്‍തോതില്‍ വോട്ടുകോഴയ്ക്ക് ഇറങ്ങുകയാണ്. ഇതിനു പിന്നില്‍ അഴിമതിപ്പണമാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഒരു പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍ നിയമസഭാ സ്ഥാനാര്‍ഥികളാണെങ്കില്‍ അവര്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ അതു സ്ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിബന്ധന. ഇതനുസരിച്ച് ഹരിപ്പാട്ടെ സ്ഥാനാര്‍ഥിയായ ചെന്നിത്തഹെലികോപ്റ്ററിന്റെ ചിലവ് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പു കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ എം.പി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സി.പി.ഐ.എം നേതാക്കള്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്നു കെ.പി.സി.സി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നത് അസാധാരണമായ നടപടിയല്ല. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കള്‍ക്കു പ്രചാരണത്തിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതു ചെയ്യാറുണ്ട്. പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളും ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുണ്ട്. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്‍ക്കുപയോഗിക്കാനാണ് എഐസിസി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനും ഇത് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും കെപിസിസി പ്രസിഡന്റ് കോട്ടയത്തുനിന്നു കായംകുളം എന്‍.ടി.പി.സിയില്‍ എത്താന്‍ ഒരു പ്രാവശ്യം മാത്രമാണു ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. ഇതു തന്നെ എ.ഐ.സി.സി അനുവദിച്ചതാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ പ്രചാരണത്തിനായാണ് ഹെലികോപ്റ്റര്‍ ദല്‍ഹിയില്‍ നിന്ന് എത്തിയത്. എ.ഐ.സി.സിയാണ് ഇത് അനുവദിച്ചത്. രണ്ട് പേരും മത്സരിക്കുന്നതിനാലും മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തേണ്ടതിനാലുമാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം. തിരുവനന്തപുരമാണ് ഹെലികോപ്റ്ററിന്റെ ആസ്ഥാനം. ആവശ്യത്തിനനുസരിച്ച് അത് ഇന്ദിരാ ഭവനില്‍ നിന്ന് വിട്ടുകൊടുക്കും. വാടകക്കെടുത്ത ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരിച്ച് പോകും.

One Response to “പ്രചാരണത്തിനായി ഹെലികോപ്റ്റര്‍; കോണ്‍ഗ്രസ് വെട്ടില്‍”

  1. Comrade Anu

    കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കുന്നതിനെ എതിര്‍ത്ത തിരഞ്ഞെടുപ്പു കമ്മിഷന്‍ ഹെലികോപ്റ്റര്‍nu Pachchakkodi kaatiyirikkunnu. Azhimathiyooloode kittiya kodikal kayyilirikkumbol തിരഞ്ഞെടുപ്പു കമ്മിഷane swaadheenikkaanaano prayaasam.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.