ഹെയ്ത്തി: ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഹെയ്ത്തിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം അമേരിക്കക്ക് വെല്ലുവിളിയാകുന്നു. ലോക പോലീസ് ചമയുന്ന അമേരിക്ക യുദ്ധത്തിന് കാണിക്കുന്ന താല്‍പര്യം ഹെയ്ത്തിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രകടിപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം. ഹെയ്തിയെ പുനര്‍നിര്‍മിക്കാനാവശ്യമായ എല്ലാ സഹായങ്ങളും തന്റെ ഭരണകൂടം നല്‍കുമെന്ന് ഒബാമ അറിയിച്ചിട്ടുണ്ടെങ്കിലും അതെത്രത്തോളം നടപ്പാക്കുന്നുവെന്ന് ലോകം നിരീക്ഷിക്കുന്നുണ്ട്. കോടികളാണ് ഹെയ്ത്തിയില്‍ പുനരധിവാസത്തിന് ആവശ്യമായുള്ളത്.

അതിനിടെ, ഭൂകമ്പം സംഹാര താണ്ഡവമാടിയ ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭക്ഷണത്തിനായും മറ്റും ജനത പോരടിക്കുന്ന അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര സഹായത്തിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനത്തെ പലയിടങ്ങളിലും വെടിവെപും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ക്കു നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം നടത്തുന്നുണ്ട്.

ഭൂകമ്പം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ വേണ്ട രീതയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തെരുവുകളില്‍ കുന്നുകൂടി കിടക്കുകയാണ്. വിശപ്പടക്കാനുള്ള ആളുകളുടെ ശ്രമമാണ് കലാപമായി മാറിയത്. ഭക്ഷണവും കുടിവെള്ളവും വ്യാപകമായി മോഷ്ടിക്കപ്പെടുന്നുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന ജയിലില്‍ നിന്ന് തടവുപുള്ളികള്‍ രക്ഷപ്പെടുക കൂടി ചെയ്തതോടെ അക്രമം നിയന്ത്രണാതീതമായിട്ടുണ്ട്. ഭൂകമ്പം നാശം വിതച്ച ഹെയ്തിയിലെ പോര്‍ട്ടോ പ്രിന്‍സില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഹെയ്തിയില്‍ പ്രസിഡന്റിന്റെ കൊട്ടാരം മുതല്‍ കുടിലുകള്‍ വരെ തകര്‍ന്നുവീണിരുന്നു. ലക്ഷക്കണക്കിനു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൂന്നു ലക്ഷത്തോളം പേര്‍ ഇപ്പോഴും തെരുവിലാണ്.