പോര്‍ട്ട് ഓ പ്രിന്‍സ്: ഭൂകമ്പം നാശം വിതച്ച ഹെയ്ത്തിയില്‍ പടര്‍ന്നു പിടിച്ച കോളറയില്‍ മരിച്ചവരുടെ എണ്ണം 3000കവിഞ്ഞു. ഇവിടെ ഇതുവരെ 3,333 ആളുകള്‍ കോളറ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.150,000ത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ഒക്ടോബറിലാണ് ഹെയ്ത്തിയില്‍ കോളറ പടരാന്‍ ആരംഭിച്ചത്. മൂന്നുമാസം കഴിഞ്ഞിട്ടും രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂകമ്പത്തില്‍ വീടുകളും മറ്റും തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് കോളറ വന്‍ ഭീഷണിയാണുയര്‍ത്തുന്നത്.

ലോകാരോഗ്യസംഘടനകള്‍ രോഗബാധിതര്‍ക്ക് സഹായം നല്‍കുന്നുണ്ടെങ്കിലും വരുന്ന മാസങ്ങളിലും കോളറ പടരുന്നത് പൂര്‍ണമായി തടയാന്‍ കഴിയില്ലെന്നാണ് സൂചന. ഹെയ്ത്തിയിലെ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു അടുത്ത വര്‍ഷം 16കോടി ഡോളറെങ്കിലും വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.