പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്തിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ലക്ഷം കവിഞ്ഞതായി ഔദ്യോഗിക വിശദീകരണം. ഭൂകമ്പത്തില്‍ പ്രസിഡണ്ടിന്റെ കൊട്ടാരമുള്‍പ്പെടെ തകര്‍ന്ന് തരിപ്പണമായി. യു എന്‍ സമാധാന സേനയുടെയും റിലീഫ് സെന്ററിന്റെയും ഓഫീസും നിരവധി ആശുപത്രികളും ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്.

തദ്ദേശീയര്‍ക്കു പുറമേ യു എന്‍ സമാധാനസേനയിലെ നൂറുകണക്കിനു ഉദ്യേഗസ്ഥരും വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതിനെകുറിച്ച് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയിലകപ്പെട്ട മൃതശരീരങ്ങള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഹെയ്തിയിലെ സമാധാന സേനാ മേധാവി ഹെഡി അന്നബി ഉള്‍പ്പെടെ 250 ഓളം യു എന്‍ ഉദ്യോസ്ഥരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കാണാതായി. പുലര്‍ച്ചെ 3.20 ഓടെയുണ്ടായ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്ന് 27 തവണ ശക്തമായ തുടര്‍ ചലനങ്ങളുണ്ടായി. 1870ന്‌ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണിത്.

കൊട്ടാരം തകര്‍ന്നെങ്കിലും പ്രസിഡണ്ടും ഭാര്യയും സുരക്ഷിതരാണെന്ന് മെക്‌സിക്കോയിലെ ഹെയ്തി സ്ഥാനപതി അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ദുരന്തത്തിനിരയായ 10ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ദുരിതാശ്വാസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കൊടുങ്കാറ്റിന്റെ ആഘാതത്തില്‍നിന്ന് മുക്തി നേടും മുമ്പാണ് ഹെയ്തി വീണ്ടും ദുരന്തത്തെ മുഖാമുഖം കണ്ടത്. രാഷ്ട്രീയകലാപവും അടിക്കടിയുണ്ടാവുന്ന പ്രകൃതി ദുരന്തവും ജനതയുടെ ജീവിതം തകര്‍ത്തിരിക്കയാണ്.