ന്യൂദല്‍ഹി:  കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിനായി രൂപവല്‍ക്കരിച്ച നാഫെഡില്‍ (നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) വന്‍തുകയുടെ വായ്പാ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. കര്‍ഷകരുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യം വച്ച് നാഫെഡ് തുടങ്ങിയ കൂട്ടുസംരംഭത്തിന്റെ ഭാഗമായി ഇരുമ്പയിര് കയറ്റി അയയ്ക്കാനായി രാജ്യത്തെ 13 കമ്പനികള്‍ക്ക് 3038.36 കോടിരൂപ വായ്പ നല്‍കിയതിലാണ് വന്‍ ക്രമക്കേടു നടന്നതായി കര്‍ണാടകയിലെ ഖനനം സംബന്ധിച്ച ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടില്‍ പ്രതിപാധിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള ഈടും കൂടാതെയാണ് ഇത്രയും വലിയ തുക വായ്പ നല്‍കിയിരുക്കുന്നത്. രാജ്യത്തു കര്‍ഷകരുടെ ക്ഷേമ പ്രവരത്തനത്തിനായി വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഫെഡ് നല്‍കിയ വായ്പ വാങ്ങിയ കമ്പനികള്‍ തുകയിതുവരെ തിരിച്ചടച്ചിട്ടില്ല.

ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടനുസരിച്ച കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാഫെഡ് 2004-05ല്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു.ഇതിനായി ബാംഗ്ലൂരിലെ ഹെമാനി ട്രാന്‍സ്‌പോര്‍ട്ട്, ഡല്‍ഹിയിലെ ദിഷാ ഇംപെക്‌സ്, മുംബൈയിലെ സ്വരൂപ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് എന്നിവയുമായി കരാറുണ്ടാക്കി. ഇവര്‍ ചൈനയിലേക്ക് 3,18,120.165 ടണ്‍ ഇരുമ്പയിര് കയറ്റിയയച്ചു എന്നാണ് അവകാശപ്പെട്ടത്.

ഇതില്‍ 2,02,485.595 ടണ്‍ രണ്ടു കമ്പനികളും ബാക്കി 1,15,634.57 സ്വരൂപ് കമ്പനിയും കയറ്റിയയച്ചു എന്നാണു രേഖ. പക്ഷേ, ഇരുമ്പയിര് എവിടെ നിന്നു ശേഖരിച്ചുവെന്ന് ഈ സ്ഥാപനങ്ങള്‍ പറയുന്നില്ല. സ്വരൂപ് കമ്പനിയാകട്ടെ, ഒരു കണക്കും ഇതുവരെ നല്‍കിയിട്ടുമില്ല. സ്വരൂപ് ഗ്രൂപ്പിനു നാഫെഡ് 244 കോടി രൂപയാണു നല്‍കിയത്. എന്നാല്‍ സ്വരൂപ് ഗ്രൂപ്പ വായ്പ തുക ചെലവിട്ടത് ഹുസൈന്‍ ചിത്രങ്ങളള്‍ക്കായാണ ്. സ്വരൂപ് ഉടമ ഗുരുസ്വരൂപ് ശ്രീവാസ്തവ വായ്പ കൊണ്ടു എം.എഫ്.ഹുസൈന്റെ 125 ചിത്രങ്ങള്‍ വാങ്ങുകയാണ് ചെയ്തത്

അനധികൃത ഇരുമ്പയിര് കയറ്റുമതി നടത്തിയതിന് നാഫെഡിനെതിരെ ഉചിതമായി നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിലുണ്ട്.