മുംബൈ:മുംബൈ ആക്രമണത്തിലെ പ്രതിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ശിവസേനാ നേതാവ് ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ശിവസേനയുടെ പ്രവര്‍ത്തകനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ചിക്കാഗോ കോടതിയില്‍ വിചാരണ ചെയ്യുന്നതിനിടെയാണ് ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-ത്വയ്ബയും ഐ.എസ്.ഐ ഏജന്റുമായി ചേര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഹെഡ്‌ലി പറഞ്ഞു.ഇതിനായി ശിവസേനയുടെ ആസ്ഥാനം കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ വെളിപ്പെടുത്തി.

ശിവസേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ രാജാറാം റെഗെയുമായി ചേര്‍ന്ന സേനാ ആസ്ഥാനത്ത് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സേന ഈ വാര്‍ത്ത നിഷേധിച്ചു.പി.ആര്‍.ഒ എന്നൊരു പോസ്റ്റ് സേനയിലില്ലെന്നും രാജാറാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് കൈമാറുമെന്നും സേനയിലെ വക്താവ് സഞ്ജയ് റാവുത് പറഞ്ഞു.

എന്നാല്‍ രാജാറാം റെഗെ എന്ന പേരില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തകനുണ്ടെന്ന് രാത്രിയോടെ വ്യക്തമായി. രാജാറാം അത്തരത്തിലുള്ളൊരാളല്ലെന്നും അദ്ദേഹത്തെ ചോദ്യംചെയ്യേണ്ടത് ഉന്നതരാണെന്നും റാവുത് വ്യക്തമാക്കി.

ഹെഡ്‌ലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ യ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഹെഡ്‌ലി തന്നെ കാണാന്‍ വരുമ്പോള്‍ താന്‍ ശിവസേനയിലെ പ്രവര്‍ത്തകനായിരുന്നില്ലെന്നും റെഗെ വാര്‍ത്താ ചാനലിനോടു പറഞ്ഞു.

ഹെഡ്‌ലിയെ പേടിയില്ലെന്നും ഇതുപോലെ ഒരു പാടു പേരെ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

മുംബൈയിലെ ദാദറിലുള്ള ശിവസേനാ ഭവനില്‍വെച്ച് താന്‍ റെഗെയെ കണ്ടിരുന്നെന്നും അദ്ദേഹം പാര്‍ട്ടിയുടെ പി.ആര്‍.ഒ ആയിരുന്നെന്നും ഹെഡ്‌ലി പറയുന്നു. വിചാരണയ്ക്കിടെ രാജാറാം റെഗെയുടെ പേര് പരാമര്‍ശിക്കുകവഴി മുംബൈ ഭീകരാക്രമണത്തിന് പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.