സാന്‍ ജുവാന്‍: തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പോര്‍ട്ടോറിക്കന്‍ ബോക്‌സിങ് താരം ഹെക്ടര്‍ കമാച്ചോ(50)യുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

റയോ പിയാഡ്രസ് മെഡിക്കല്‍ ഡയറക്ടര്‍ ഏണസ്റ്റോ ടോറസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജീവരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന കമാച്ചോയ്ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു.

Ads By Google

പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജീവരക്ഷായന്ത്രത്തില്‍ നിന്ന് കമാച്ചോയെ മാറ്റാന്‍ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ കമാച്ചോയെ ജീവന്‍രക്ഷാ യന്ത്രത്തില്‍ നിന്ന് മാറ്റുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

തലയ്ക്ക് വെടിയേറ്റതിനേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കമാച്ചോ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഒരു ബാറിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സുഹൃത്തുമായി വാഹനത്തില്‍ ഇരിക്കുകയായിരുന്നു കമാച്ചോ.

ഈ സമയമാണ് വെടിവെയ്പ് ഉണ്ടായത്. കമാച്ചോയുടെ സുഹൃത്ത് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബോക്‌സിങില്‍ നിന്ന് വിരമിച്ച ശേഷം കമാച്ചോ പലവിധ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.