Categories

വയനാട് ചുരത്തില്‍ ജനുവരി രണ്ട് മുതല്‍ ഗതാഗത നിയന്ത്രണം

vayanad-churamകോഴിക്കോട്: അറ്റകുറ്റപണികള്‍ക്കായി വയനാട് ചുരം റോഡില്‍ ജനുവരി രണ്ട് മുതല്‍ ഒരു മാസക്കാലത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ചുരം വഴിയുള്ള ബസ് ട്രക്ക് ഗതാഗതം നിരോധിക്കും. ബസ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി മിനി ബസുകള്‍ ഓടിക്കും. ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോകുന്നതിന് തടസ്സമുണ്ടാവില്ല.

ബസുകള്‍ക്കും ട്രക്കുകള്‍ക്കും കടന്നുപോകാന്‍ അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്്്. മൈസൂര്‍-ഗോണിക്കുപ്പ-തലശ്ശേരി, ബാവലി-മാനന്തവാടി-തലശ്ശേരി, കല്‍പറ്റ- നിലമ്പൂര്‍, ഗുണ്ടല്‍പേട്ട-പാലക്കാട്, കോയമ്പത്തൂര്‍, കല്‍പ്പറ്റ-പക്രന്തളം-വൈത്തിരി-തരുവണ-കുറ്റിയാടി എന്നിവയാണ് ബദല്‍ റോഡുകള്‍. 16.5 കോടി രൂപ ചെലവില്‍ കൊടുവളളി മുതല്‍ ലക്കിടി വരെയുളള 30 കിലോമീറ്റര്‍ നവീകരിക്കുന്നതിനുളള കരാര്‍ മേല്‍മുറിയിലെ പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍സ് ഏറ്റെടുത്തെങ്കിലും ചുരം റോഡിലെ ഗതാഗതം നിയന്ത്രിക്കാനാവാത്തതിനാല്‍ അടിവാരം വരെ മാത്രമേ പ്രവൃത്തി പൂര്‍ത്തീകരിക്കാനായിരുന്നുളളു.

ചുരത്തിലെ രണ്ട്, നാല്, ഒമ്പത് ഹെയര്‍പിന്‍ വളവുകളില്‍ നേരത്തെതന്നെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പാകിയിട്ടുണ്ട്. മറ്റ് ആറു ഹെയര്‍പിന്‍ വളവുകളിലും റോഡിലുമാണ് പ്രവൃത്തി നടത്താനുളളത്. രണ്ടുമാസം സമയമെടുത്ത് റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിശ്ചയിച്ചിരുന്നതിന്റെ ഇരട്ടി തൊഴിലാളികളെ ഉപയോഗിച്ച് 24 മണിക്കൂറും പ്രവൃത്തിയെടുത്ത് ഒരു മാസം കൊണ്ട് പണി തീര്‍ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി 30 മിനിബസുകള്‍ ചുരം സര്‍വീസിനായി ഏര്‍പ്പെടുത്തും. അടിവാരം മുതല്‍ ലക്കിടി വരെ ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. റോഡ് അടക്കുന്ന കാലയളവില്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ ഏര്‍പ്പെടുത്തും. 35 പേര്‍ സ്ഥിരമായി ഉണ്ടാവും. വ്യൂ പോയന്റുകളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാവും. ഇവിടെ ഏറെ സമയം നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പത്ത് രൂപ ഫീസ് ഈടാക്കും. ഇങ്ങനെ സ്വരൂപിക്കുന്ന തുക ചുരത്തിലെ മാലിന്യനീക്കങ്ങള്‍ക്കായി ഉപയോഗിക്കും. ഇതിനായി ഗ്രീന്‍ ഗാര്‍ഡ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തും. ഇതിന്റെ ചുമതല പുതുപ്പാടി പഞ്ചായത്തിനെ ഏല്‍പിക്കും. ചുരംവഴി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളില്‍ പകുതി അടിവാരം വരെയും ബാക്കി ലക്കിടിയില്‍നിന്ന് അപ്പുറത്തേക്കും ഓടും.

യോഗത്തില്‍ എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, എം.വി. ശ്രേയാംസ്‌കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ്, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.