ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വര പൂര്‍ണമായും ഒറ്റപ്പെട്ടു. റെയില്‍-റോഡ്-വ്യോമ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും അനിശ്ചിതമായി അടച്ചിരിക്കുകയാണ്.

മഞ്ഞുവീഴ്ച്ച ശക്തമായതിനെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം അടച്ചു. ഇവിടെനിന്നും പുറപ്പെടേണ്ട നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മഞ്ഞ് നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താഴ്‌വരയില്‍ വൈദ്യുതി പൂര്‍ണമായും മുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്‌കൂളുകളും കോളേജുകളും തുറക്കേണ്ടെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. അടുത്തകാലത്ത് കശ്മീരിലുണ്ടായതില്‍വെച്ച് ഏറ്റവും കനത്ത മഞ്ഞുവീഴ്ച്ചയാണിത്.