കണ്ണൂര്‍/കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പേമാരിയും ഉരുള്‍പൊട്ടലും. ശക്തമായ വെള്ളപ്പൊക്കത്തില്‍ ജീവഹാനിയും കനത്ത നാശനഷ്ടവും.

Ads By Google

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയിലെ കൊടക്കാട്ടുപാറ, കോടഞ്ചേരിക്കടുത്ത പൊട്ടന്‍കോടു മല, കണ്ണൂര്‍ ഇരിട്ടിയിലെ വാണിയപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം നാലായി. ആനക്കാംപൊയ്‌ലിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൂന്നരവയസ്സുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട്ട് ആനക്കാംപൊയില്‍ തുണ്ടത്തില്‍ ബിജുവിന്റെ മകന്‍ കുട്ടൂസ് (3) ആണ് മരിച്ചത്. ബാക്കിയുള്ള നാല് പേര്‍ക്ക് വേണ്ടി തിരരച്ചില്‍ തുടരുകയാണ്.

ആനക്കാംപൊയ്‌ലിയില്‍ തുണ്ടത്തില്‍ ജോസഫിന്റെ വീട്ടിലുള്ളവരെയാണ് കാണാതായത്. പരിക്കേറ്റു ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി(75) മരിച്ചു.

കോഴിക്കോട് എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. മുക്കം പുഴ കരകവിഞ്ഞ് ഒഴുകയാണ്. വന്‍നാശനഷ്ടം ഉണ്ടായ ചെറുശേരി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതുവരെയും ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ രാത്രി കനത്ത മഴ ഉണ്ടായി. ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും 24ഓളം വീടുകള്‍ നശിച്ചു. ഇരിട്ടി ടൗണടക്കം താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്നിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മലയോരമേഖലയില്‍ വന്‍നാശം വിതച്ചു. പഴശ്ശി പദ്ധതിയുടെ റിസര്‍വോയറില്‍ വെള്ളം കയറി നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ടൗണ്‍, എടക്കാനം, പെരുവമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളില്‍ വെള്ളം കയറി. മേഖലയിലെ ജനജീവിതത്തെ മഴ കാര്യമായി ബാധിച്ചു. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശവുമുണ്ടായി.

വാണിയപ്പാറതട്ട്, രണ്ടാംകടവ് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുണ്ടൂര്‍പ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്നാണ് വള്ളിത്തോട് സെന്റ് ജൂഡ് നഗറിലെ വാഴയില്‍ കോണ്‍ക്രീറ്റ് പാലം തകര്‍ന്നത്. അപകടസമയത്ത് പാലത്തിലൂടെ വരികയായിരുന്ന കാറും ബൈക്കുമാണ് ഒഴുകിപ്പോയത്. വെള്ളത്തിന്റെ ഒഴുക്കു നോക്കി പാലത്തിനു മുകളില്‍ നിന്ന അഞ്ചുപേരും കാറിലും ബൈക്കിലുമുണ്ടായിരുന്നവരുമാണ് ഒഴുകിപ്പോയത്. കാര്‍ അര കിലോമീറ്ററോളം ഒലിച്ചുപോയി. ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒഴുക്കില്‍പെട്ട ഏഴ് പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തി.

അയ്യന്‍കുന്ന് പഞ്ചായത്തിലെ ആനക്കോട്ടയില്‍ പാലം ഒലിച്ചുപോയി. കരിക്കോട്ടഗിരി മുണ്ടഗയാംപറമ്പ്, വള്ളിക്കടവ് എന്നിവടങ്ങളില്‍ 25 ഏക്കര്‍ കൃഷി നശിച്ചു. വെള്ളം കയറി നിരവധി വീടുകള്‍ ഒറ്റപ്പെട്ടുപോയി.

ഇരിട്ടി  പേരാവൂര്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നാല്‍പതോളം വീടുകള്‍ ഒറ്റപ്പെട്ടു.