ബാംഗ്ലൂര്‍: മൂന്ന് ദിവസമായി കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തുടരുന്ന കനത്തമഴയില്‍ നൂറ് കണക്കിന് മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി. 130 പേര്‍ മരിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വീടുകള്‍ തകര്‍ന്നും വെള്ളപ്പാച്ചിലില്‍ പെട്ടുമാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഇവിടെ മാത്രം 100 പേര്‍ മരിച്ചു.

40,000 ലധികം വീടുകള്‍ തകര്‍ന്നതായി മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ അറിയിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കര്‍ണാടക സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. മഴയെത്തുടര്‍ന്ന് മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. തുംഗഭദ്ര, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്ററുകളും നാവികസേനാ ബോട്ടുകളുമുപയോഗിച്ച് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.

ആന്ധ്രയില്‍ കുര്‍ണൂലില്‍ മാത്രം 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 800 പേരെ കാണാതായതാണ് റിപ്പോര്‍ട്ടുകള്‍. ദുരന്ത സ്ഥലത്തേക്ക് വികരണത്തിനായി 2400 ഭക്ഷണ പാക്കറ്റുകള്‍ കൊണ്ട് പോയിട്ടുണ്ട്. റെയില്‍ ഗതാഗതം താറുമാറായത് കാരണം രാജധാനി എക്‌സപ്രസിലെ 2400 യാത്രക്കാര്‍ മണിക്കൂറുകളായി റെയ്ച്ചൂല്‍ റെയില്‍വെസ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ്. വിജയവാഡയില്‍ 15,000 കുടുംബങ്ങലെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടതും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.