തിരുവനന്തപുരം: മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴയില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. സ്ഥിതി നിയന്ത്രണാതീതമായതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് റോഡുകളേയും തകരാറിലാക്കി. മഴ ശക്തമായതോടെ ആറുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. തെക്കന്‍ ജില്ലകളിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. റോഡുകളിലെ താല്‍ക്കാലിക കുഴിയടക്കല്‍ മഴ പെയ്തതോടെ താറുമാറായ സ്ഥിതിയിലാണ്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.