കോഴിക്കോട്: ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മലബാറില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇന്നലെ വൈകീട്ട് മുതല്‍ തുടങ്ങിയ മഴ ഇന്ന് രാവിലെയോടെ ശക്തിപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന ശക്തമായ മഴ ജനജീവതത്തെ സ്തംഭിപ്പിച്ചിരിക്കയാണ്. പോളിങ് സാമഗ്രികള്‍ വാങ്ങാനായി കേന്ദ്രളിലേക്ക് പുറപ്പെട്ട ഉദ്യോഗസ്ഥരെയും മഴ ഏറെ വലച്ചു. മഴ നാളെയും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. ബഹറൈനില്‍ നിന്നും ഷാര്‍ജയിലും നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.

എന്നാല്‍ നെടുമ്പാശേരിയിലിറക്കിയവര്‍ക്ക് കോഴിക്കോടേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു. എന്നാല്‍ വൈകാതെ തന്നെ മറ്റ് വിമാനങ്ങളില്‍ ഇവരെ കോഴിക്കോടെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.