തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ള ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയതായി ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

അറേബ്യന്‍ സമുദ്രത്തില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദ മേഖലയാണ് മഴ ശക്തമാകാന്‍ കാരണം. വരുന്ന 48 മണിക്കൂറില്‍ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയും സംസ്ഥാനത്താകമാനം പരക്കെ മഴയും ലഭിക്കുമെന്നാണ് പ്രവചനം.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമായിരിക്കുകയാണ്. കഴിഞ്ഞാഴ്ച മുതല്‍ ആരംഭിച്ച മഴ വടക്കന്‍ കേരളത്തില്‍ ശക്തമായി തുടരുകയാണ്. . എന്നാല്‍ തെക്കന്‍ ജില്ലകളില്‍ മഴ ഗണ്യമായി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 36 ശതമാനം മഴ കുറഞ്ഞു. പത്തനംതിട്ടയില്‍ 18, കൊല്ലത്ത് 17, ആലപ്പുഴയില്‍ 17 ശതമാനം വരെ മഴകുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുകള്‍ പറയുന്നു.