ചെന്നൈ: കേരളത്തിനൊപ്പം വോട്ടിംഗ് നടന്ന തമിഴ്‌നാടിലും പുതുച്ചേരിയിലും മികച്ച മികച്ച പോളിംഗ്‍. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 70മുതല്‍ 75 ശതമാനം വരെ പോളിംഗ് നടന്നിട്ടുണ്ടെന്നാണ് കണക്ക്.

കനത്ത സുരക്ഷയ്ക്ക് നടുവിലാണ് പോളിംഗ് നടന്നത്. മധുര, ചെന്നൈ എന്നിവിടങ്ങളിലാണ് പോളിംഗ് കനത്ത രീതിയില്‍ നടന്നത്. കന്യാകുമാരിയില്‍ 64 ശതമാനവും ചെന്നൈയില്‍ 66 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. തൂത്തുക്കുടിയില്‍ 74 ശതമാനം പോളിംഗ് നടന്നപ്പോള്‍ കോയമ്പത്തൂരില്‍ 75 ശതമാനവും മധുരയില്‍ 77 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വില്ലുപുരം, സേലം, ധര്‍മ്മപുരി എന്നിവിടങ്ങളില്‍ 81 ശതമാനമാണ് പോളിംഗ്.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളെടുത്തിരുന്നു. കരുണാനിധി, ജയലളിത, എം.കെ സ്റ്റാലിന്‍ എന്നിവരടക്കം നിരവധി പ്രമുഖരാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടിയത്.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ 80 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ വോട്ട്‌ചെയ്യാനായി ആളുകളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. 30 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് പുതുച്ചേരിയില്‍ വോട്ടിംഗ് നടന്നത്.