Administrator
Administrator
ജീവനക്കാരിയോട് അശ്ലീലം; ശ്രീമതിയുടെ അഡീഷണല്‍ പി.എയെ പുറത്താക്കി
Administrator
Monday 4th October 2010 4:25pm

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതിന്റെ പേരിലുണ്ടായ നാണക്കേടിന്റെ അലയൊലിയടങ്ങും മുമ്പെ ആരോഗ്യമന്ത്രി പികെ ശ്രീമതിയുടെ ഓഫീസ് വീണ്ടും വിവാദത്തില്‍ കുരുങ്ങി. ഇക്കുറിയും പേഴ്‌സണല്‍ സ്റ്റാഫാണ് മന്ത്രിയുടെ ഓഫീസിന് നാണക്കേടുണ്ടാക്കിയത്. വനിതാ ജീവനക്കാരിയോട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതി.

പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രഘുനാഥിനെ പുറത്താക്കി. സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. നേരത്തെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉള്‍പ്പെടെയുള്ള പരാതികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ലത്രെ. എന്നാല്‍ ഈ വിഷയം ഉന്നയിച്ച് ജീവനക്കാരി പാര്‍ട്ടിക്കും പരാതി നല്‍കി. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈമാസം ഒന്നിന് രഘുവിനെ പുറത്താക്കിയത്.

ഭാര്യാസഹോദരന്റെ പേരില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന മരുന്നുകമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന്റെ പേരില്‍ രഘുനാഥനെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഫണ്ട് ഒരു കടലാസ് സംഘടനക്ക് തരപ്പെടുത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് അഴിമതി വിവാദവും ഇയാളുടെ പേരിലുണ്ടത്രെ. ദേശാഭിമാനിയിലെ ലേഖകനായിരുന്ന രഘുനാഥിനെ, പികെ ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം ദേശാഭിമാനിയില്‍ ജീവനക്കാരുടെ കുറവുള്ളതിനാല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാകുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് രഘുനാഥ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ നാലരവര്‍ഷത്തിനിടെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെയാളാണ് രഘുനാഥ്. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്റെ ലെറ്റര്‍ ഹെഡും ഒപ്പും ഉപയോഗിച്ച് വ്യാജരേഖ ഉണ്ടാക്കിയതിന്റെ പേരില്‍ അടുത്തിടെ ഒരാളെ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ട്രെയിന്‍ ടിക്കറ്റില്‍ ബര്‍ത്ത് അനുവദിച്ചു കിട്ടുന്നതിനായി എമര്‍ജന്‍സി ക്വാട്ടയില്‍ (ഇ. ക്യു) ഉള്‍പ്പെടുത്താനായി കേന്ദ്രമന്ത്രിയുടെ പേരിലുള്ള വ്യാജരേഖ ഉണ്ടാക്കി ശ്രീമതിയുടെ ഓഫീസിലെ ഫാക്‌സ് നമ്പരില്‍ നിന്നും ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരുടെ (പാലക്കാട്) പേരില്‍ സന്ദേശം അയയ്ക്കുകയായിരുന്നു.

എമര്‍ജന്‍സി ക്വാട്ടയില്‍ നിന്നും നാഗര്‍കോവില്‍- ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസില്‍ യാത്ര അനുവദിക്കണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതേതുടര്‍ന്ന് റെയില്‍വേ ഇവര്‍ക്ക് യാത്ര അനുവദിച്ചു. പിന്നീട് സംശയം തോന്നിയ ഫാക്‌സ് സന്ദേശം റെയില്‍വേ അധികൃതര്‍ റെയില്‍വേ പോലീസിനു കൈമാറി. ഇ.ക്യുവിനായുള്ള ശുപാര്‍ശയില്‍ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടുകയോ ഒപ്പുവെക്കുകയോ പതിവില്ല. ഉടന്‍തന്നെ ആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ശുപാര്‍ശ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് യാത്രക്കാരെ ചോദ്യം ചെയ്തു. പാലക്കാട് കേരളശേരി സ്വദേശി വിനോദും കുടുംബവുമാണ് എമര്‍ജന്‍സി ക്വാട്ടയില്‍ യാത്ര ചെയ്തത്. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതോടെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

പാലക്കാട് കേരളശേരി സ്വദേശി വിനോദ് തനിക്കും കുടുംബത്തിനും ഗോഹാട്ടിയിലേക്ക് ടിക്കറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവായ പി.കെ പ്രതീഷിനെ സമീപിച്ചു. ഇയാള്‍ സുഹൃത്തും വടശേരിയിലെ സി.പി.ഐ.എം പ്രാദേശിക നേതാവുമായ സജീവിനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി പികെ ശ്രീമതിയുടെ ഓഫീസുമായി അടുപ്പമുള്ള സജീവ്, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ക്ലറിക്കല്‍ വിഭാഗത്തിലുള്ള രാജേഷുമായി ബന്ധപ്പെടുകയായിരുന്നു. മന്ത്രിയുടെ ഓഫീസിലെ ഫാക്‌സ് നമ്പരില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവത്തില്‍ രാജേഷിന്റെ പങ്ക് വ്യക്തമായത്.

ഈ സംഭവത്തിന് മുമ്പ് പാര്‍ട്ടിസംസ്ഥാന സമിതിയംഗത്തിന്റെ സഹോദരന്‍ മുഹമ്മദാലിയെ അഴിമതിയാരോപണത്തെ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇയാളും മന്ത്രിയുടെ അഡീഷണല്‍ പിഎ ആയിരുന്നു.

Advertisement