കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ താരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ട്യൂബിലൂടെ അദ്ദേഹത്തിന് ഭക്ഷണം നല്‍കി തുടങ്ങിയതായി വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

വെന്റിലേറ്ററിന്റെ ഭാഗികമായ സഹായത്തോടെയാണ് അദ്ദേഹം ശ്വസോച്ഛാസം നടത്തുന്നത്. ശ്വാസകോശത്തിന്റെ പരിക്കു പൂര്‍ണമായും ഭേദമാകുന്നതുവരെ വെന്റിലേറ്റര്‍ ഉപയോഗിക്കാനാണു തീരുമാനം. ഹൃദയം, വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. ദഹനവും സാധാരണ നിലയിലായെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.

വേദനാസംഹാരി നല്‍കുന്നതും മയക്കത്തിനുള്ള മരുന്ന് നല്‍കുന്നതും ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. തൃശൂരില്‍ പദ്മകുമാറിന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കുടകിലേക്ക് പോകുകയായിരുന്നു ജഗതി.

Malayalam news

Kerala news in English