എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് ലഭിച്ചത് ഒന്നരക്കോടിയടെ വിദേശ സഹായം
എഡിറ്റര്‍
Thursday 27th March 2014 9:42pm

health

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കനേഡിയന്‍ ഏജന്‍സി നടത്തിയ സര്‍വേയുടെ പേരില്‍ വിവാദമായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച വിദേശ ഫണ്ട് ഒന്നര കോടിയില്‍പരം രൂപ.

ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്കു വേണ്ടി മരുന്നു പരീക്ഷണവും ആരോഗ്യ ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി സ്റ്റഡി നടത്തിയത്.

രഹസ്യസര്‍വേ നടത്താന്‍ വിദേശ കമ്പനിയുമായി ആരോഗ്യ വകുപ്പ് കരാറൊപ്പിട്ടത് മന്ത്രിസഭ അറിയാതെയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കനേഡിയന്‍ സ്ഥാപനത്തിനു വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചത് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സര്‍ക്കാരിതര സംഘടനയാണ്.

സംഘടനയ്ക്ക് ലഭിച്ച കോടികളുടെ വിദേശസഹായത്തിന്റെ വിശദാംശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ തുക എന്തിനു വേണ്ടി വിനിയോഗിച്ചു എന്നതിനെ കുറിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.

ആരോഗ്യവകുപ്പു ജീവനക്കാര്‍ക്കു വാങ്ങി നല്‍കിയ ടാബ്‌ലറ്റുകളിലായിരുന്നു ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയത്. ടാബ്‌ലറ്റില്‍ രേഖപ്പെടുത്തിയ ഡാറ്റ ഉടന്‍ സെര്‍വറിലേക്കു പോകുന്ന രീതിയിലായിരുന്നു സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചിരുന്നത്. അതിനാല്‍ കനേഡിയന്‍ കമ്പനിക്ക് നിഷ്പ്രയാസം വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യക്കാര്‍ക്ക് കൈമാറാനുമാകും.

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും അനുവാദം ആവശ്യമാണ്. ഇതൊന്നും പാലിക്കാതെ തികച്ചും രഹസ്യമായാണ് സംസ്ഥാനത്തെ 14 ജില്ലകളിലും സര്‍വേ നടന്നത്.

Advertisement