ന്യൂയോര്‍ക്ക്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഭീകരസംഘടനകള്‍ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ സഹായം നല്‍കിയിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ചിക്കാഗോയില്‍ നടക്കുന്ന വിചാരണയ്ക്കിടെയാണ് ഹെഡ്‌ലി ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഐ.എസ്.ഐയുടെ സഹായം ലഭിച്ചിരുന്നു. ആക്രമണത്തില്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ സഹായവും ലഭിച്ചിരുന്നു. ജമാഅത് ഉ ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയ്യിദാണ് തനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതെന്നും ഹെഡ്‌ലി വിചാരണയ്ക്കിടെ മൊഴിനല്‍കി.

അതിനിടെ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ തഹാവൂര്‍ റാണയെ കുടുക്കാന്‍ വേണ്ടിയുള്ളതാണെന്ന് റാണയുടെ അഭിഭാഷകന്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യാ-പാക് ബന്ധത്തെയും അമേരിക്ക-പാക് ബന്ധത്തെയും ബാധിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

ഉസാമ ബിന്‍ ലാദനെ പാക്കിസ്ഥാനില്‍വെച്ച് അമേരിക്കന്‍ സൈന്യം വധിച്ചതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ ദൂരവ്യാപക ഫലങ്ങളുളവാക്കിയേക്കാവുന്ന ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടുള്ളത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009 ഒക്ടോബറിലാണ് ഹെഡ്‌ലിയും തഹാവൂര്‍ റാണയും പിടിയിലാകുന്നത്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് റാണ നേരത്തേ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു.