ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരരിലൊരാളും മുന്‍ സി ഐ എ ഏജന്റുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമെന്ന് ആഭ്യന്തരമന്ത്ര പി ചിദംബരം. അമേരിക്കയില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.

അമേരിക്കയിലെ വിചാരണ നടപടി തുടങ്ങുന്നതിന് മുമ്പ് തന്നെ ചോദ്യം ചെയ്യലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം അറിയിച്ചു. ചോദ്യം ചെയ്യാന്‍ ഒരുങ്ങിക്കൊള്ളാന്‍ ചിദംബരം ഐ എന്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Subscribe Us:

അമേരിക്കന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡറുമായി ചിദംബരം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഈ ഉറപ്പ് ലഭിച്ചത്. നേരത്തെ ഹെഡ്‌ലിയെ വിട്ട് കിട്ടാന്‍ ഇന്ത്യ നിരന്തം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക അനുമതി നല്‍കിയിരുന്നില്ല. മുംബൈ കേസില്‍ ഹെഡ്‌ലിയെ വിചാരണക്ക് വിധേയമാക്കിയാല്‍ വധ ശിക്ഷ വരെ ലഭിക്കാവുന്നതാണ്. മുന്‍ സി ഐ എ ചാരനായ ഹെഡ്‌ലിയെ ഇന്ത്യക്ക് വിട്ട് നല്‍കിയാല്‍ മറ്റ് പല രഹസ്യങ്ങളും പുറത്തെത്തുമെന്ന ഭയവും എഫ് ബി ഐക്കുണ്ട്.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹെഡ്‌ലിയെ കൊണ്ട് കുറ്റം സമ്മതിച്ച് എഫ് ബി ഐ അധികൃതര്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.