ചിക്കാഗോ: ബോളിവുഡിലും പുരാതന സോമനാഥ് ക്ഷേത്രത്തിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുംബൈ ആക്രമണക്കേസില്‍ പിടിയിലായി വിചാരണ നേരിടുന്ന ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. ചിക്കാഗോയില്‍ നടക്കുന്ന വിചാരണക്കിടെയാണ് ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.

ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന തഹാവൂര്‍ റാണയുമായി ഹെഡ്‌ലി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങളും സ്ഥാപനങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി വ്യക്തമായിരിക്കുന്നത്. ഇവര്‍ തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ടേപ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബോളിവുഡ്, സോമനാഥ ക്ഷേത്രം, മുംബൈയിലെ ശിവസേന ഓഫീസ് എന്നിവയ്ക്ക് പുറമേ പ്രവാചകനെ നിന്ദിച്ചുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന്റെ ഓഫീസിലും ആക്രമണം നടത്താന്‍ ഹെഡ്‌ലി പദ്ധതിയിട്ടിരുന്നു.

മുംബൈ ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് റാണ പറഞ്ഞിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി.