ന്യൂദല്‍ഹി: 2005ല്‍ ദല്‍ഹിയില്‍ നടന്ന ഇന്ത്യാ-പാക്കിസ്താന്‍ ഏകദിനക്രിക്കറ്റ് മല്‍സരസമയത്ത് ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളികള്‍ ഇന്ത്യയിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യംചെയ്യലിനിടെയാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

സജ്ജിദ് മജീദും ലഷ്‌ക്കര്‍ ഇ തൊയബ തീവ്രവാദി അബ്ദുള്‍ റഹ്മാന്‍ ഹാഷിമും 2005ലെ ദല്‍ഹി ഏകദിനസമയത്തായിരുന്നു ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ പാക്കിസ്താന്‍ പ്രസിഡന്റ് പര്‍വേസല് മുഷറഫും കളികാണാന്‍ അന്ന് ദല്‍ഹിയിലെത്തിയിരുന്നു.

എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് സജ്ജിദ് മജീദ് ഹെഡ്‌ലിയെ മുന്‍കൂട്ടി വിവരമൊന്നും അറിയിച്ചില്ലെന്നും എന്‍ ഐ എക്ക് തയ്യാറാക്കിയ 106 പേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദേശീയ പ്രതിരോധ കോളേജ് എന്നിവയെക്കുറിച്ച് വിവരം ശേഖരിച്ചാണ് ഇവര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.