ഷിക്കാഗോ: സി ഐ എ ചാരനും ലഷ്‌കറെ തയിബ തീവ്രവാദിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി (49) തനിക്കെതിരെയുള്ള 12 കുറ്റാരോപണങ്ങളും യു എസ് കോടതിയില്‍ സമ്മതിച്ചു. ഇതോടെ ഹെഡ്‌ലി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഹെഡ്‌ലി ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യക്കും പാകിസ്ഥാനും കൈമാറില്ലെന്ന ഉറപ്പും ലഭിച്ചു. അതേ സമയം ശിക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മുംബൈ ഭീകരാക്രമണത്തിനു മുന്നോടിയായി ഭാര്യക്കൊപ്പം ഇന്ത്യ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചതായി ഹെഡ്‌ലി സമ്മതിച്ചു. ഈ വിവരങ്ങള്‍ പാക്കിസ്ഥാനിലെ രണ്ടു ഭീകര സംഘടനകള്‍ക്ക് നല്‍കി. ഡന്മാര്‍ക്കില്‍ നിന്നും വിവരങ്ങളും പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ഹെഡ്‌ലി സമ്മതിച്ചു.

ഹെഡ്‌ലിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളില്‍ ഏറെയും 2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയിലെ പൊതുസ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനും ഇന്ത്യന്‍ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടു, ഇതിനു പാക് ഭീകര സംഘടന ലഷ്‌കറെ തോയ്ബയ്ക്കു സഹായം ചെയ്തു, ഇന്ത്യയില്‍ യു എസ് പൗരന്മാരെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി തുടങ്ങിയ കുറ്റങ്ങളാണു ഹെഡ്‌ലിക്കെതിരേ ചുമത്തിയിരുന്നത്. സുഹൃത്ത് തഹാവുര്‍ ഹുസൈന്‍ റാണെയുടെ ഇമിഗ്രേഷന്‍ കമ്പനിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ഹെഡ്‌ലി സമ്മതിച്ചു.കഴിഞ്ഞ ജനുവരി 14നു കേസ് പരിഗണിച്ചപ്പോള്‍ ഇവ സത്യവിരുദ്ധമെന്നായിരുന്നു ഹെഡ്‌ലിയുടെ വാദം.

മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഒരു ഡച്ച് പത്രത്തിന്റെ ഓഫീസ് ആക്രമിക്കുന്നതിനാണ് ഡന്മാര്‍ക്കില്‍ നിന്നും വിവരങ്ങള്‍ ഭീകര സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയത്.

അതേസമയം ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇവിടെ നടക്കുന്ന കോടതി നടപടികളെ ബാധിക്കില്ലെന്ന് മുംബയ് ഭീകരാക്രമണക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം പറഞ്ഞു. മുംബയ് ഭീകരാക്രമണക്കേസില്‍ ഹെഡ്‌ലി നടത്തിയ കുറ്റസമ്മതം തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് വന്നതാണെന്ന ഇന്ത്യയുടെ വാദത്തിന് ശക്തി പകരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ. റോമറും ഇന്റലിജന്‍സ് ഡയറക്ടര്‍ ഡെന്നിസ് സി ബ്‌ളെയറും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തി.

മുംബയ് ഭീകരാക്രമണക്കേസ്സുമായി ബന്ധപ്പെട്ട് ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതിനാവാതെ തിരിച്ച് വരേണ്ടി വന്നിരുന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ട് കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അപക്വമെന്നാണ് അമേരിക്ക വിലയിരുത്തിയിരുന്നത്.