Categories

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് പിണറായിക്ക് വി.എസിന്റെ മറുപടി

v.s-achuthanandan

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തെ സംബന്ധിച്ചുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മറുപടി.

വിഷയത്തില്‍ തന്റെ അഭിപ്രായമാണ് പറഞ്ഞത്. തനിക്ക് യാതൊരു വിധത്തിലുള്ള തെറ്റിദ്ധാരണയുമില്ല.

കര്‍ഷകരുടെ അഭിപ്രായം മാനിച്ച് ഭേദഗതികള്‍ വരുത്തി  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെയാണ് നടപ്പാക്കേണ്ടതെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒരു കാരണവശാലും നടപ്പിലാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന വി.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗനേക്കാള്‍ കര്‍ഷക ദ്രോഹ നടപടികളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ളതെന്നും പിണറായി പറഞ്ഞിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മണല്‍ മാഫിയകള്‍ക്കെതിരായിരുന്നുവെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായിക്കാനാണെന്നും വി.എസ് വ്യക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.