എഡിറ്റര്‍
എഡിറ്റര്‍
അസിം ത്രിവേദിയുടെ അറസ്റ്റ് യുക്തിരഹിതമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Friday 14th September 2012 2:56pm

മുംബൈ: കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ അറസ്റ്റ് ചെയ്ത മുംബൈ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അറസ്റ്റ് നിയമവിരുദ്ധവും നീതിരഹിതവുമാണെന്ന് കാണിച്ച് അഭിഭാഷകനായ ശങ്കര്‍ മറാത്തെ നല്‍കിയ പൊതുതാത്പര്യഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.

ഇത്രയും ബാലിശമായി ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്ന് ചോദിച്ച കോടതി അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ അവകാശമാണെന്നും പറഞ്ഞു.

Ads By Google

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അംജദ് സയ്യിദ് എന്നിവരാണ് ഹരജി പരിഗണിച്ചത്. അസിമിന്റെ അറസ്റ്റ് ഏകപക്ഷീയമാണെന്ന് പറഞ്ഞ കോടതി കാര്‍ട്ടൂണ്‍ വരച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് യുക്തി രഹിതമാണെന്നും അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് അസിമിനെ അറസ്റ്റ് ചെയ്തത്. മുംബൈ പ്രാദേശിക കോടതിയാണ് അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് അസിം ബാന്ദ്ര പോലീസില്‍ കീഴടങ്ങുകയായിരുന്നു.

‘ഗ്യാംങ് റേപ്പ് ഓഫ് മദര്‍ ഇന്ത്യ’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ത്രിവര്‍ണ സാരിയുടുത്തുനില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന് ആക്രമിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു കാര്‍ട്ടൂണില്‍ അശോക ചക്രത്തിലെ സിംഹങ്ങള്‍ക്ക് പകരം കുറുക്കന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിനെ പബ്ലിക് ടോയ്‌ലറ്റായി ചിത്രീകരിച്ച കാര്‍ട്ടൂണും വിവാദമായിരുന്നു.

Advertisement