എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് ഭാരതരത്‌ന സമ്മാനിക്കുന്നതിനെതിരായ ഹരജിയില്‍ വിധി പറയുന്നത് മാറ്റി
എഡിറ്റര്‍
Monday 25th November 2013 6:30pm

Sachin Tendulkar

അലഹബാദ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വിധി പറയുന്നത് അലഹബാദ് ഹൈക്കോടതി മാറ്റിവെച്ചു.

സച്ചിന് അവാര്‍ഡ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ  ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ നൂതന്‍ ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹരജിക്കാരുടെ വാദം കേട്ട ശേഷം ജഡ്ജിമാരായ ജസ്റ്റിസ് ഇമ്തിയാസ് മുര്‍ത്താസ, ഡി.കെ ഉപാദ്യായ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറയുന്നത് മാറ്റിവച്ചത്.

ഭാരതരത്‌നക്കായി സച്ചിനെ തെരഞ്ഞെടുത്തതിന്റെ രീതി വിശദമാക്കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കുന്നത് വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പിന്നോട്ട് നയിക്കുന്ന നാടകീയതയാണ് ക്രിക്കറ്റെന്നും ക്രിക്കറ്റ് താരമായ സച്ചിന് ഭാരതരത്‌ന നല്‍കുന്നതിലൂടെ നിഷ്‌ക്രിയതയുടേയും അലസതയുടേയും സന്ദേശമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തുന്നു.

അഞ്ച് വട്ടം ചെസ്സിലെ ലോക ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദിനും പ്രമുഖ അത്‌ലറ്റ് മില്‍ഖാ സിംഗിനും ബില്ല്യാര്‍ഡ്‌സിലെ മുന്‍ ലോക ചാമ്പ്യനായിരുന്ന ഗിത് സേഥിക്കും ഭാരതരത്‌ന നല്‍കണമെന്നും ഹരജിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഭാരതരത്‌ന പുരസ്‌കാര ജേതാക്കളുടെ പേര് പ്രധാനമന്ത്രി ഒറ്റക്ക് നിര്‍ദേശിക്കുന്ന നിലവിലെ രീതി സുതാര്യമല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Advertisement