കൊച്ചി:സംസ്ഥാനത്തെ 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് നടത്തിയ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം ഹൈക്കോടതി റദ്ദാക്കി. മാനേജ്‌മെന്റ് കണ്‍സോഷ്യം നടത്തിയ പരീക്ഷ സുതാര്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ സ്വാശ്രയമെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനം ത്രിശങ്കുവിലായിരിക്കുകയാണ്.

സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളാണ് പ്രവേശനം നടത്തിയത്. സര്‍ക്കാറിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേ 50-50 അടിസ്ഥാനത്തില്‍ സ്വാശ്രയകോളേജുകളിലേക്കുള്ള പ്രവേശനം നടത്താന്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു.

കരാറിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടുവച്ചായിരുന്നു പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷക്കെതിരേ രക്ഷിതാക്കളും വിദ്യാര്‍ത്ഥിസംഘടനകളും രംഗത്തെത്തിയിരുന്നു. അതിനിടെ കോടതിവിധി പ്രവേശനം കൂടൂതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. വെറും സാങ്കേതിക വശങ്ങള്‍ മാത്രം പരിശോധിച്ചുള്ള വിധിയാണിതെന്നും ഗഫൂര്‍ പറഞ്ഞു.