ലക്‌നൗ: പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കാണാതായെന്ന പരാതിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ കോടതി നോട്ടീസ് അയച്ചു. രാഹുലും വിദേശ സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെയും കുടുംബത്തെയും അപായപ്പെടുത്തിയെന്നാണ് പരാതി. അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 2007 ജനുവരി 4ന് രാഹുലിനെ കാണാനായി ചെന്ന ഇവരെ പിന്നീട് കാണാതായെന്ന് പരാതിയില്‍ പറയുന്നു.

പരാതി സംബന്ധിച്ച് രാഹുലിന്റെ വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ് ശ്രീ നാരായണ്‍ ശുക്ലയാണ് നോട്ടീസ് അയച്ചത്. മുന്‍ സമാജ് വാദി എം.എല്‍.എ കിഷോര്‍ സമൃതെയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. മുകന്യാ ദേവി, പിതാവ് ബല്‍രാം സിങ്, മാത് സുമിത്ര ദേവി എന്നിവരെ കാണാനില്ലെന്നും ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ രാഹുലിനോട് നിര്‍ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.