Categories

മോഡിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്

അഹമ്മദാബാദ്: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ കോടതിയലക്ഷ്യനോട്ടീസ്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഗ്നിക്കിരയാക്കപ്പെട്ട 56 കടകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കത്തതിനാലാണ് കോടതിയലക്ഷ്യ നോട്ടീസ്.

15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.

ജസ്റ്റിസ് അഖില്‍ ഖുറേഷി, സി.എല്‍ സോണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ എന്ത് കൊണ്ട് ആരംഭിച്ചില്ല എന്നത് സംബന്ധിച്ച വിശദാശംങ്ങള്‍ കോടതിയെ അറിയിക്കാന്‍ അഹമ്മദാബാദ് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. മാര്‍ച്ച് 14ന് വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാനാണ് നിര്‍ദേശം.

2002ലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് രാഖിയല്‍ പ്രദേശത്തെ 56 കടകള്‍ കത്തിനശിച്ചിരുന്നു. 2008 ഫെബ്രുവരിയില്‍ കലാപത്തിലെ ഇരകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചശേഷം കടയുടമകള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് 2011 സെപ്റ്റംബറില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ 2011 ആഗസ്റ്റില്‍ തന്നെ ഇവരുടെ പരാതി തള്ളിയതായാണ് ഈ മാസമാദ്യം കലക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട 56 പരാതിക്കാര്‍ക്കും കിട്ടിയ മറുപടി. ഇതേ തുടര്‍ന്നാണ് കടയുടമകള്‍ മോഡിസര്‍ക്കാരിനും കലക്ടര്‍ക്കുമെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

അതിനിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെപ്പറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിക്ക് നല്‍കണമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് എം.എസ്. ഭട്ട് ഉത്തരവിട്ടു. ഒരു മാസത്തിനകം ഇത് നല്‍കിയിരിക്കണം.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ടീസ്റ്റ സെതല്‍വാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കക്ഷികളല്ലാത്ത ഇവര്‍ക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെടാനുള്ള നിയമപരമായ അര്‍ഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുര്‍ബര്‍ഗ് സൊസൈറ്റി കലാപത്തില്‍ മോഡിക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ടാണ് എസ്.ഐ.ടി സമര്‍പ്പിച്ചതെന്ന് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സാക്കി കോടതിയെ സമീപിച്ചത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.