കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടി കാവ്യാമാധവന്‍ നല്‍കിയ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ഒരാഴ്ച്ചത്തേക്ക് ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയേയും ബന്ധുക്കളേയും അറസ്റ്റ്‌ചെയ്യില്ലെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനിടെ വിവാഹമോചനക്കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറല്ലെന്ന് കാവ്യയുടെ പിതാവ് പി മാധവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടേയും നിശാല്‍ ചന്ദ്രയുടേയും വിവാഹം. വിവാഹത്തിനുശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പച്ചെന്നാരോപിച്ച് കാവ്യ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം കുടുംബകോടതിയിലും തുടര്‍ന്ന് എറണാകുളം ജില്ലാകോടതിയിലും കാവ്യയുടെ വീട്ടുകാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തന്റെ കൈയ്യില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ വാങ്ങിയ 95 ലക്ഷംരൂപ ആവശ്യപ്പെട്ട് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. 23 നും 28നും കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് ഒത്തുതീര്‍പ്പിന് ധാരണയായെന്ന വാര്‍ത്ത പരന്നത്.