കൊച്ചി: പാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി ആറാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി മാര്‍ഗരേഖയ്ക്കു വിരുദ്ധമായാണ് ആഗോള ടെന്‍ഡര്‍ വിളിക്കാതെ, വിലപേശാന്‍ കഴിയാത്ത വിധം 15% സര്‍വീസ് ചാര്‍ജ് നല്‍കി പാമൊലിന്‍ ഇറക്കുമതിക്ക് ഒരുങ്ങുന്നതെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിന്നുവെന്നായിരുന്നു പ്രധാന ആരോപണം.

Subscribe Us:

അഴിമതിക്കേസിനു വഴിയൊരുക്കിയ പാമോലിന്‍ ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ പരാമര്‍ശങ്ങള്‍ നീക്കിയ ഹൈക്കോടതി; പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപ്പറ്റിയുള്ള തുടരന്വേഷണം തടഞ്ഞിട്ടില്ല. കേസ് അനന്തമായി നീണ്ടുപോവാതെ തീര്‍പ്പാക്കാന്‍ ആറാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ മേല്‍നടപടി സ്വീകരിക്കാന്‍ സ്‌പെഷല്‍ കോടതിയോട് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നിര്‍ദേശിച്ചു.

കേസ് ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളോ തെളിവുകളോ ഇല്ലെന്നു വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ 2011 മേയ് 13നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിട്ടിയശേഷം കോടതി സ്വമേധയാ തുടരന്വേഷണത്തിനു നിര്‍ദേശിച്ചിരുന്നു. കേസ് നടപടികള്‍ അകാരണമായി വൈകിക്കുമെന്നാരോപിച്ചാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളില്‍ പലരും ഐ.എ.എസ് ഓഫിസര്‍മാരായതിനാല്‍ കേസ് അനന്തമായി നീണ്ടു പോവുന്നത് അവരുടെ സ്ഥാനക്കയറ്റത്തേയും തൊഴിലിനേയും ബാധിക്കുമെന്ന വാദം ശരിവച്ചാണു കേസ് എത്രയും വേഗം തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ കക്ഷി ചേരാനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

Malayalam news
Kerala News in Kerala