ന്യൂദല്‍ഹി: ജനലോക്പാല്‍ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് രാംലീലയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായി. രാവിലെ ഹസാരെയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിലേക്ക് മാറ്റാനും ഡ്രിപ്പ് ഇടാനുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ ഹസാരെ അംഗീകരിച്ചിട്ടില്ല. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ട്. പട്ടിണി കിടക്കുമ്പോള്‍ ശരീരം സ്വയം ഉല്‍പാദിപ്പിക്കുന്ന കീറ്റോണ്‍ അണുക്കളുടെ സാന്നിധ്യവും ഹസാരെയുടെ ശരീരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ശക്തമായ ജനലോക്പാല്‍ ബില്ലിനായി സര്‍ക്കാര്‍ ഇപ്പോഴും ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് ഹസാരെ വ്യക്തമാക്കി. രാവിലെ രാംലീല മൈതാനിയില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു ഹസാരെ. അഴിമതി തുടച്ചുനീക്കുന്നതില്‍ ഇപ്പോഴും സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ സമീപനം കൈക്കൊള്ളുന്നില്ല. ഇന്നലെ ചര്‍ച്ച നടത്തിയ തന്റെ പ്രതിനിധികളുമായി സര്‍ക്കാര്‍ കടുത്ത വിലപേശലാണ് നടത്തിയതെന്നും ഹസാരെ കുറ്റപ്പെടുത്തി. മൂന്നു കാര്യങ്ങളില്‍ സര്‍ക്കാറുമായി ഇപ്പോഴും അഭിപ്രായ വ്യത്യാസം തുടരുന്നുവെന്നും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഹസാരെ വ്യക്തമാക്കി.