ന്യൂദല്‍ഹി: ശക്തമായ ജനലോക്പാല്‍ബില്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹസാരെ നടത്തുന്ന നിരാഹാര സമരം ആറാംദിവസത്തിലേക്ക് പ്രവേശിക്കെ ഹസാരെയുടെ ആവശ്യങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ലോക്പാല്‍ബില്ലിനുവേണ്ടി മാത്രമല്ല, തിരഞ്ഞെടുപ്പ് പരിഷ്‌കരണവും കര്‍ഷകര്‍ക്ക് അനുകൂലമായ ഭൂപരിഷ്‌കരണനിയമവും കൊണ്ടുവരാനും കൂടിയാണ് തന്റെ സമരമെന്ന് കഴിഞ്ഞ ദിവസം ഹസാരെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള പാകപ്പിഴകള്‍ മൂലമാണ് രാജ്യത്ത് ഇത്രയധികം അഴിമതി നടക്കുന്നത്. ഈ സംവിധാനം തിരുത്തപ്പെടണം. ഭൂമി ഏറ്റെടുക്കല്‍നിയമം കൂടുതല്‍ സൗഹാര്‍ദ്ദപരമാകണമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് ഗ്രാമസഭകളുടെ അനുമതി വാങ്ങണമെന്ന നിയമവ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്പാല്‍ബില്ലില്‍ സമവായം ആവശ്യമാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശക്തമായ ബില്‍ വേണമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും ആഗ്രഹമെന്നും എന്നാല്‍ നിയമനിര്‍മ്മാണത്തിന് താമസമെടുക്കുന്നതിനാല്‍ ഈ മാസം മുപ്പതിനുള്ളില്‍ ബില്‍ പാസാക്കുന്ന കാര്യം പ്രയാസമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. അതേസമയം ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. മാത്രമല്ല, വിഷയവുമായി ബന്ധപ്പെട്ട് പൊതു ജനാഭിപ്രായം തേടുന്നത് പരിഹാസ്യകരമാണെന്നും ജനങ്ങളുടെയും എം.പിമാരുടെയും സമയം പാഴാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദേശീയപ്പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നും ഹസാരെ ആരോപിച്ചു.

ജന്‍ലോക്പാല്‍ രൂപീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ച ഹസാരെയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം തന്റെ അനുയായികളോട് വ്യക്തമാക്കി. സര്‍ക്കാര്‍ ഖജനാവിലെ പണം ജനങ്ങളുടേതാണെന്നും കാവല്‍ക്കാര്‍തന്നെയാണ് നാടിനെ വഞ്ചിക്കുന്നതെന്നും ഹസാരെ വ്യക്തമാക്കി. ഏറെ വാര്‍ത്തകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ഹസാരെ രാംലീല മൈതാനിയിലെ നിരാഹാരവേദിയിലെത്തുന്നത്. ക്ഷീണിതനാണെങ്കിലും ശക്തമായ ലോക്പാല്‍ ബില്‍ അംഗീകരിക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് ഹസാരെ വ്യക്തമാക്കി.