ന്യൂദല്‍ഹി: ഒടുവില്‍ എഴുപത്തിനാലുകാരനായ ഹസാരെയുടെ നിശ്ചയദാര്‍ഢ്യത്തിനും സമരവീര്യത്തിനും മുന്നില്‍ കേന്ദ്രം മുട്ട് മടക്കി. ലോക് പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെ മൂന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് പാര്‍ലിമെന്റെ പ്രമേയം പാസാക്കി. ഇതോടെ പന്ത്രണ്ട് ദിവസം നീണ്ട് നിന്ന നിരാഹാര സമരം ഹസാരെ ഇന്ന് അവസാനിപ്പിക്കും.

ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാര്‍ലിമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കിയ വിവരമറിയിച്ചുള്ള പ്രധാനമന്ത്രിയുടെ കത്ത് കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് രാംലീല മൈതാനയിലെത്തി ഹസാരെക്ക് കൈമാറി. തുടര്‍ന്നാണ് നിരാഹാര സമരം ഇന്നവസാനിപ്പിക്കുമെന്ന് ഹസാരെ വ്യക്തമാക്കിയത്.

പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഹസാരെ മുന്നോട്ട് വച്ചത്. ഉദ്ദ്യോഗസ്ഥര്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുക. താഴെതട്ടിലുള്ള ഉദ്ദ്യോഗസ്ഥരെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക എന്നിവയാണിവ.

ഇക്കാര്യങ്ങളാണ് പാര്‍ലിമെന്റ് തത്വത്തില്‍ അംഗീകരിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച് പ്രമേയം ആദ്യം ലോകസഭയും പിന്നീട് രാജ്യസഭയും ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ പാര്‍ലിമെന്റിന്റെ പൊതുവികാരം അറിയിച്ച് കൊണ്ടുള്ള കത്ത് വിലാസ് റാവുദേശ് മുഖ് ഹസാരെക്ക് കൈമാറുകയായിരുന്നു.

സഭയുടെ വികാരം ഉള്‍ക്കൊണ്ട് ഹസാരം നിരാഹാരം അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് രാംലാല മൈതാനിയില്‍ തടിച്ച് കൂടിയ ആയിരകണക്കിന് ജനങ്ങളെ അഭിസംഭോധന ചെയ്ത സംസാരിച്ച അണ്ണാ ഹസാരെ ഇന്ന് രാവിലെ പത്ത് മണിക്ക് നിരാഹാരം അവസാനിപ്പിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇത് ജനങ്ങളുടെ വിജയമാണെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ഹസാരെ പറഞ്ഞു.