ന്യൂദല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെടണമെന്ന് അണ്ണാ ഹസാരെ. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ മമത ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ നിലപാട് ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലും ആവര്‍ത്തിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. പ്രത്യേക പൗരാവകാശ രേഖ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണെന്നും ഹസാരെ ആരോപിച്ചു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഹസാരെയുടെ പുതിയ ആരോപണം. പൗരാവകാശ രേഖ പ്രത്യേക നിയമമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാംലീലയില്‍ നിരാഹാരമിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി തനിക്കയച്ച കത്തില്‍ ലോക്പാലിനൊപ്പം പൗരാവകാശ രേഖയും, താഴേതട്ടിലുള്ള ഉദ്യോഗസ്ഥരും, സംസ്ഥാന ലോകായുക്തയും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം തനിക്ക് ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലോക്പാല്‍ ബില്‍ നടപ്പാക്കിയില്ലെങ്കില്‍ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഡിസംബര്‍ 27 മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ കോര്‍കമ്മറ്റി തീരുമാനിച്ചേക്കുമെന്നാണ് സൂചന.

Malayalam news

Kerala news in English