മഹാരാഷ്ട്ര: ഗാന്ധിയന്‍ അണ്ണാ ഹസാരെ 2013 ജനുവരിയില്‍ ദേശവ്യാപക പര്യടനത്തിന് ഒരുങ്ങുന്നു. അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യാത്ര.

Ads By Google

18 മാസത്തെ യാത്രയാണ് ഹസാരെ ആസൂത്രണം ചെയ്തതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ദീപാവലിക്ക് ആരംഭിക്കാനിരുന്ന പര്യടനമാണ് ജനുവരിയിലേക്ക് മാറ്റിയത്.

പുതുക്കിയ പദ്ധതി പ്രകാരം യാത്ര പാട്‌നയിലെ ഗാന്ധി മന്ദിരത്തില്‍നിന്ന് തുടങ്ങുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും ഹസാരെയുടെ സഹായികള്‍ അറിയിച്ചു.

ഹസാരെ സഖ്യത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കെജ്രിവാള്‍ ബി.ജെ.പി നേതാവ് നിധിന്‍ ഗഡ്കരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് അടുത്തദിവസങ്ങളില്‍ ഹസാരെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നര വര്‍ഷത്തെ ഭാരത പര്യടനം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഇന്ത്യയിലൂടെ നടത്തുന്ന പര്യടനത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് എത്താന്‍ കഴിയുമെന്നും അതുവഴി ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതിന് ജനങ്ങള്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി എത്തുമെന്നും ഹസാരെ അറയിച്ചു.

പൂനയിലെ വൈദ്യപരിശോധനക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.