ന്യൂദല്‍ഹി: രാംലീല മൈതാനിയില്‍ നിരാഹാര സമരം നടത്തുന്നതിന് പോലീസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ലംഘിക്കില്ലെന്ന് അണ്ണാ ഹസാരെ ദില്ലി പോലിസിന് സമ്മതപത്രം നല്‍കി. ദില്ലി മധ്യമേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് ഹസാരെ സമ്മതപത്രം നല്‍കിയത്. സമരവേദിയില്‍ പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടാവില്ല. രാംലീല മൈതാനിയിലെ ജനക്കൂട്ടം 25000 ആയ് പരിമിതപ്പെടുത്തും. സമരക്കാര്‍ തൊട്ടടുത്ത റോഡില്‍ ഇറങ്ങിനില്‍ക്കില്ലെന്നും പൊതുമുതല്‍ നശിപ്പിക്കില്ലെന്നും പടക്കം ഉപയോഗിക്കില്ലെന്നും ഹസാരെ സമ്മതപത്രത്തില്‍ വ്യക്തമാക്കി.

അതേസമയം അണ്ണാ ഹസാരെ നാളെയേ ജയില്‍വിടുകയുള്ളുവെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കെജ്‌റിവാള്‍ അറിയിച്ചു. നിരാഹാരമിരിക്കുന്ന രാംലീല മൈതാനിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണമെന്ന് കെജ്‌റിവാള്‍ അറിയിച്ചു. നാളെ രാവിലെ രാംലീലാ മൈതാനിയില്‍ നിരാഹാരം തുടരും. മൈതാനിയില്‍ കുടിവെള്ളത്തിനും വൈദ്യപരിശോധനയ്ക്കുമുള്ള സൗകര്യമൊരുക്കുമെന്നും ദിവസവും മൂന്നു തവണ ഹസാരെയെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനോട് യോജിപ്പാണെന്നും കെജ്‌റിവാള്‍ അറിയിച്ചു.