ന്യുദല്‍ഹി: സുശക്തമായ ജനലോക്പാല്‍ ബില്ലിന് വേണ്ടി എട്ട് ദിവസമായി തുടരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ നിരാഹാര സമരം അവസാനിക്കാന്‍ അരങ്ങൊരുങ്ങുന്നു. ഹസാരെയുടെ ആരോഗ്യനിലയില്‍ താന്‍ ആശങ്കാകുലനാണെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി ഹസാരെക്ക് കത്തെഴുതി.

അന്നാ ഹസാരെ സംഘവുമായി മധ്യസ്ഥ ചര്‍ച്ചനടത്താന്‍ കേന്ദ്രധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വെകീട്ട് ആറരയോടെ അണ്ണാ സംഘവുമായി പ്രണാബ് മുഖര്‍ജി ചര്‍ച്ച നടത്തും. പ്രണാബ് മുഖര്‍ജിയുടെ വസതിയിലാവും ചര്‍ച്ച. പ്രശാന്ത് ഭുഷണും, അരവിന്ദ് കേസരിവാളും ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കും.

സര്‍ക്കാരും ഹസാരെയും ഒരേവഴിയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പ്രധാനമന്ത്രി കത്തിലൂടെ ഹസാരെയെ അറിയിച്ചു.ലോക്‌സഭാ സ്പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ഹസാരെപക്ഷം അവതരിപ്പിച്ച ജനലോക്പാല്‍ ബില്ല് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും പ്രധാമന്ത്രി കത്തില്‍ വ്യക്തമാക്കി.

അന്നാ ഹസാരെയുടെ സംഘവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വേഗത്തിലാക്കുവാനായാണ് കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഹസാരെ സംഘത്തിനെ അറിയിച്ചത്. ഹസാരെ സംഘവുമായി 45 മിനിറ്റിലേറെ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖുര്‍ഷിദ് ഇക്കാര്യം അണ്ണാ സംഘത്തെ അറിയിച്ചത്.