ന്യുദല്‍ഹി : തന്റെ സംഘാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ യു.പി.എ സര്‍ക്കാരിലെ നാല്‍വര്‍ സംഘമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ജന്‍ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുന്ന ഇവര്‍ തന്റെ സംഘാംഗങ്ങളെ വ്യക്തിഹത്യ നടത്തുകയാണെന്നും ഹസാരെ വ്യക്തമാക്കി.

‘ആരോപണങ്ങള്‍ ചിലരുടെ മാത്രം സൃഷ്ടിയാണ്. കുറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നത് ഇവരുടെ ശീലമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും എല്ലാ മന്ത്രിമാരെയുമല്ല ഞാന്‍ കുറ്റപ്പെടുത്തുന്നത്. സര്‍ക്കാരില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവുമുള്ളവരുണ്ട്. എന്നാല്‍ ഈ നാല്‍വര്‍ സംഘം ഇവരെ മിണ്ടാന്‍ അനുവദിക്കുന്നില്ല ‘. ഹസാരെ പറയുന്നു.

സ്ഥിരമായി കിരണ്‍ ബേദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുന്ന ഇവര്‍ കാബിനറ്റില്‍ സ്വാധീനമുള്ളവരാണ്.ശക്തരായ ഒന്നോ രണ്ടോ പേര്‍ ഒരു ഗ്രാമം അടക്കിഭരിക്കുന്നതു പോലെയാണിത്. ശക്തരായ ഇവര്‍ക്കെതിരെ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ കഴിയില്ല. ഹസാരെ പറഞ്ഞു. എന്നാല്‍ നാല്‍വര്‍ സംഘം ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം, ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ശക്തമായ രോഷം നേരിടേണ്ടി വരുമെന്ന് അണ്ണാ ഹസാരെ താക്കീത് ചെയ്തു. തന്റെ സംഘാംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സമീപകാലത്തായി ഹസാരെ സംഘാംഗങ്ങളായ കിരണ്‍ ബേദി , അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.