മുംബൈ: ആരോഗ്യം സമ്മതിക്കാത്തതിനാല്‍ മൗനവ്രതം അവസാനിപ്പിക്കുന്നില്ലെന്ന് ഹസാരെ വ്യക്തമാക്കി. ഹസാരെ സംഘത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച കോര്‍ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് താന്‍ മൗനവ്രതത്തില്‍ തുടരുകയാണെന്ന് ഹസാരെ അറിയിച്ചിരിക്കുന്നത്.

കാല്‍ പാദത്തില്‍ നീരും മുട്ടു വേദനയുമുണ്ട്. ആരോഗ്യ നില വീണ്ടെടുക്കാന്‍ മൗനവ്രതത്തില്‍ തുടരുന്നതു സഹായിക്കും- ഹസാരെ ബ്ലോഗില്‍ എഴുതി. തന്റെ ഗ്രാമമായ റാലേഗന്‍ സിദ്ധിയിലാണ് ആത്മശാന്തിക്കു വേണ്ടി ഹസാരെ മൗനവ്രതം അനുഷ്ഠിക്കുന്നത്.

Subscribe Us:

ഒക്‌ടോബര്‍ 16 മുതലാണ് ഹസാരെ അനിശ്ചിതകാല മൗനവ്രതം ആരംഭിച്ചത്. ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാളിനെതിരെയും കിരണ്‍ബേദിക്കെതിരെയും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നപ്പോഴും പ്രശാന്ത് ഭൂഷണെതിരെ ആക്രമണം നടന്നപ്പോഴും ഹസാരെ മൗനവ്രതം തുടരുകയാണ് ചെയ്തത്.

തന്റെ സംഘത്തിനെതിരായ പ്രചാരണത്തിനു പിന്നില്‍ ഭരണകക്ഷിയിലെ നാല്‍വര്‍ സംഘമാണെന്നും ജനലോക്പാല്‍ നടപ്പാകുന്നതോടെ അധികാരം നഷ്ടപ്പെടുമെന്നു ഭയക്കുന്നവരാണ് ഇവരെന്നും ബ്ലോഗിലൂടെ ഹസാരെ പറഞ്ഞിരുന്നു. നാല്‍വര്‍ സംഘം ആരൊക്കെയെന്നു പക്ഷേ ഹസാരെ വെളിപ്പെടുത്തിയിട്ടില്ല.