ന്യൂദല്‍ഹി: ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് അന്നാ ഹസാരെ. ജയില്‍മോചിതനായാലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടാക്കാമെന്ന ആശങ്കയെതുടര്‍ന്നാണ് ഹസാരെയുടെ തീരുമാനം.

ഉപാധി കളോടെയാണ് തനിക്ക് ജാമ്യം അനുവദിക്കെപ്പെട്ടതെന്നും ഇത്തരത്തിലുള്ള ജാമ്യം തനിക്ക് വേണ്ടെന്നുമാണ് ഹസാരെയുടെ നിലപാട്. ജയപ്രകാശ് നാരായണന്‍ പാര്‍ക്കില്‍ നിരാഹാരത്തിന് ഉപാ ധികളില്ലാതെ അനുമതി നല്‍കിയാല്‍ മാത്രമേ ജയില്‍മോചിതനാവാന്‍ തയ്യാറാവൂ എന്ന് ഹസാരെ ജയില്‍ അധികൃതരെ അറിയിച്ചു.കൂടാതെ തന്റെ അനുയായികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രിയോടെ ഹസാരെയെ വിട്ടയക്കാനായിരുന്നു ദല്‍ഹി പോലീസ് തീരുമാനം. ഇതിനായി റിലീസിങ്ങ് ഓര്‍ഡര്‍ ദില്ലി പോലീസ് തീഹാര്‍ ജയില്‍ ഡി.ജി.പിക്കയച്ചിരുന്നു, തുടര്‍ന്ന മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ക്കായി ഡി.ജി..പിയുടെ മുറിയിലെത്തിയപ്പോഴാണ് ഉറപ്പുകള്‍ ലഭിക്കാതെ താന്‍ പുറത്തിറങ്ങില്ലെന്നും ജയിലില്‍ നിരാഹാരസമരം തുടരുമെന്നും ഹസാരെ അറിയിച്ചത്. ഹസാരെയെ അനുനയിപ്പിക്കാനായി ജയില്‍ അധികൃതര്‍ ശ്രമം തുടരുകയാണ്.

അതിനിടെ രാവിലെ തുടങ്ങിയ നിരാഹാരം ജയിലില്‍ രാത്രിവൈകിയും ഹസാരെ തുടരുകയാണ്.  ജയിലധികൃതര്‍ മൂന്ന് തവണ ഭക്ഷണം നല്‍കിയെങ്കിലും ഹസാരെ നിരാകരിച്ചു.