ന്യൂദല്‍ഹി: ഓഗസ്റ്റ് 16 ന് ജന്തര്‍ മന്ദിറില്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച യോഗഗുരു ബാബ രാംദേവിനു മുന്നില്‍ നിബന്ധനകളുമായി അണ്ണ ഹസാരെ. നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറായാല്‍ മാത്രമേ സമരത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയുള്ളൂവെന്നു രാംദേവിനെ അറിയിച്ചതായി അണ്ണ ഹസാരെ വെളിപ്പെടുത്തി. എന്നാല്‍ ഈ നിബന്ധനകള്‍ എന്താണെന്ന് വ്യക്തമാക്കാന്‍ ഹസാരെ തയ്യാറായില്ല.

ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരം സമരം വീണ്ടും ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ രാംദേവ് നടത്തി വന്ന നിരാഹാരസമരം പോലീസ് ഒഴിപ്പിച്ച നടപടിയ്‌ക്കെതിരെ  ഹസാരെ ഒരു ദിവസം നിരാഹാരം കിടന്നു പ്രതിഷേധിച്ചിരുന്നു.

അതേസമയം,അഴിമതി വിരുദ്ധ സമരത്തിനു സംരക്ഷണം നല്‍കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനുമായി 11,000 പേരുടെ സേനയ്ക്ക് രൂപം നല്‍കുമെന്ന ബാബാ രാംദേവിന്റെ പ്രസ്താവനയെ ഹസാരെ അനുകൂലിച്ചിരുന്നില്ല.