ന്യൂദല്‍ഹി: അണ്ണാ ഹസാരെയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കാക്കിയേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി രാംലീല മൈതാനിക്ക് സമീപമുള്ള വിവിധ റോഡുകള്‍ പോലീസ് അടച്ചു. രണ്ട് കമ്പനി സി.ആര്‍.പി.എഫ് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

പുലര്‍ച്ചയോടെ അണ്ണാ ഹസാരെയെ ബലം പ്രയോഗിച്ച് നീക്കിയേക്കുമെന്ന് ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കേജ്‌റിവാള്‍ അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജനങ്ങല്‍ സംയമനത്തോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

അനുയായികളോട് ജാഗ്രതയോടെയിരിക്കാന്‍ കിരണ്‍ ബേദി ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കരുതെന്നും, അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്നും കിരണ്‍ ബേദി പറഞ്ഞു.

അതേസമയം ജയിലില്‍ പോകുന്നത് അലങ്കാരമാണെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലീസിനെ തടയേണ്ടെന്നും ഹസാരെ അനുയായികളോട് പറഞ്ഞു. സര്‍ക്കാര്‍ അക്രമമാണ് ആഗ്രഹിക്കുന്നത് എന്നും എന്നാല്‍ ജനങ്ങള്‍ അക്രമം കാണിക്കരുതെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സംയമനം പാലിക്കണമെന്നും ഹസാരെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു.