anna-hazareന്യൂദല്‍ഹി: ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെ ശക്തമായ ലോക്പാലിനായി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രധാനമന്ത്രി നേരിട്ട് വന്നാലും സമരം നിര്‍ത്തില്ലെന്ന്് ഹസാരെ. ജനലോക്പാല്‍ ബില്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഹസാരെ, സമരത്തിന്റെ ആറാം ദിനത്തില്‍ രാംലീലയില്‍ തടിച്ച് കൂടിയ ജനങ്ങളെ അഭിസംബോധന ചെയ് സംസാരിക്കെയാണ് ഇങ്ങിനെ പറഞ്ഞത്. ഇന്നലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അണ്ണാ ഹസാരെ സംഘം അറിയിച്ചിരുന്നു.

ഹെഗ്‌ഡെ രാവിലെ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം 30 നുള്ളില്‍ ജനലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് അണ്ണ ഹസാരെ കേന്ദ്രസര്‍ക്കാറിന് നല്‍കിഅന്ത്യശാസനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പ്രായോഗികമാകുമോ എന്ന കാര്യം സംശയമായ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക് ഇരുപക്ഷവും സന്നദ്ധമാകുന്നത്. പൊതുസമൂഹ പ്രതിനിധികളായ അരവിന്ദ് കെജ്‌റിവാള്‍, ജസ്റ്റിസ് സന്തോഷ് ഹെഗഡെ, അഡ്വ.പ്രശാന്ത് ഭൂഷണ്‍ എന്നിവരാകും സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി ഹസാരെയുമായി ചര്‍ച്ച നടത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നതോടെ 74 കാരനായ ഹസാരെയുടെ ആരോഗ്യനില മോശമായി വരുന്നതായി സൂചനയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ഹസാരെയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവരില്‍ ഏറെയും യുവാക്കളാണെന്നത് സമരത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി 15 ദിവസം രാംലീല മൈതാനിയില്‍ നിരാഹരസമരം നടത്താനാണ് ദല്‍ഹി പോലീസ് ഹസാരെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് സമരം നീളുമെന്നാണ് ഹസാരെ സംഘത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ്ങും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ. ഗുപ്തയും രാംലീല മൈതാനം സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.